ദേശങ്ങൾക്കിപ്പുറം - സലാം ബോംബേ (1988) ചലച്ചിത്ര നിരൂപണം (Salam Bombay! (1988) Movie Review in Malayalam)

 

   സ്വാതന്ത്ര്യ ലബ്ധിക്ക് 40 വർഷങ്ങൾക്കിപ്പുറവും, കിനാവുകണ്ട സാമൂഹ്യ തുല്യത നേടുന്നതിൽ എങ്ങുമെത്താതെ പോയ ഒരു നാടിന്റെ പരാജയത്തെ, വിശകലനം ചെയ്യുന്ന ചിത്രമാണ് മീര നായർ  സംവിധാനം ചെയ്ത സലാം ബോംബേ.  തെരുവ് കുട്ടികൾ ആണ് പ്രധാന കഥാപാത്രങ്ങൾ ആയി എത്തുന്നത് എങ്കിലും മുതിർന്ന കഥാപാത്രങ്ങൾക്കും അവരുടേതായ ഒരിടം ചിത്രത്തിൽ ഉണ്ട്.


    ചായ്പ്പോ എന്നു വിളിക്കപ്പെടുന്ന കൃഷ്ണ എന്ന യഥാർഥ തെരുവ് കുട്ടിയെ ചുറ്റിപ്പറ്റിയാണ് ചിത്രം കഥ പറയുന്നത്. സർക്കസ് ട്രൂപ്പിൽ നിന്ന് ഒറ്റപ്പെട്ട കൃഷ്ണ, ബോംബേ എന്ന മഹാനഗരത്തിൽ എത്തിപ്പെടുന്നതും അവിടെ എങ്ങനെ തന്റേതായ ഒരിടം കണ്ടെത്താൻ ശ്രമിക്കുന്നു എന്നതുമാണ് ചിത്രം ചർച്ച ചെയ്യുന്നത്. 80തുകളിൽ തന്നെ വ്യാപാര മേഖലയിലും ഉദ്യോഗസ്ഥ സംവിധാനമികവിലും മൂന്നിലെത്തിയിരുന്ന പരിഷ്കൃത ബോംബേയേ ചിത്രത്തിൽ ഒരിടത്തും നമ്മൾ കാണുന്നില്ല. പകരം കാണുന്നത് കാമാത്തിപുര എന്ന പ്രസിദ്ധിയാർജിച്ച വേശ്യാതെരുവും അവിടങ്ങളിൽ അലഞ്ഞു തിരിഞ്ഞു ജീവിക്കുന്ന ഇന്ത്യൻ ബാല്യത്തെയും ആണ്. അവർ സമൂഹത്തിന്റെ എല്ലാ സാംസ്കാരികവൽക്കരണ ശ്രമങ്ങൾക്കും അപ്പുറത്താണ്. അവരെ ആരും സ്പർശിക്കുന്നില്ല അവർ ആരാലും സ്പർശിക്കപ്പെടുന്നും ഇല്ല.

    റെയിൽവേ സ്റ്റേഷനിലെ ടീ സ്റ്റാൾ നടത്തുന്ന ചാച്ചാ എന്ന വ്യക്തിക്കുവേണ്ടി ചായ കൊണ്ടുപോയി നല്കിയാണ് ചായ്പ്പോ പണം കണ്ടെത്താൻ  ശ്രമിക്കുന്നത്. അവന് 500 രൂപ വേണം വിലാസം പോലും അറിയാത്ത തന്റെ വീട്ടിലേക്ക് (അവിടെയും കാര്യങ്ങൾ വ്യത്യസ്തമല്ല എന്ന സൂചന  ചിത്രം തരുന്നുണ്ട്) പോകാൻ. അതിനിടയിൽ വേശ്യാലയത്തിലേക്ക് പുതുതായി എത്തിയ സ്വീറ്റ് സിക്സ്റ്റീൻ എന്ന പെണ്കുട്ടിയോട് ഒരു അടുപ്പവും അവനിൽ രൂപപ്പെടുന്നു. പലപ്പോഴായി അവൻ അവൾക്കായി ചില സമ്മാനങ്ങളും നൽകാറുണ്ട്; കോഴിക്കൂട് നന്നാക്കാൻ ആയി പോയപ്പോൾ കൈക്കലാക്കിയ ഓമനത്തമുള്ള ഒരു കോഴിക്കുഞ്ഞ്, ഒരു കൂട് ബിസ്കറ്റ് അങ്ങനെ ചിലവ. ‘തെരുവ് സാമർഥ്യം’ എന്ന ബിരുദം നേടവേ നഷ്ട്ടപ്പെട്ടു പോകുന്ന നിഷ്കളങ്കതയുടെ  ഒരു ഓർമ്മപ്പടുത്തൽ ആണ് ഈ രംഗങ്ങൾ. അതോടൊപ്പം തന്നെ തങ്ങളെപ്പോലെയുള്ളവരുമായി കൂട്ടികൾ രൂപപ്പെടുത്തുന്ന ഒരു ഐക്യവും ഇവ നമ്മെ ബോധ്യപ്പെടുത്തി തരുന്നു.

    കുട്ടികളുടെ കണ്ണുകളിലൂടെ ചിത്രം പ്രേക്ഷകനോട് സംവദിക്കുന്നു. സമൂഹത്തിലെ പാർശ്വവൽക്കരിക്കപ്പെട്ട മനുഷ്യർക്കും സ്വപ്നങ്ങളുണ്ട് അവർക്കും ജീവിതമുണ്ട്, അതിൽ നിറങ്ങളുണ്ട്, അവർക്കും കഥ പറയാനുണ്ട് എന്ന് ചിത്രം നമ്മെ ഉടനീളം ഓർമ്മപ്പെടുത്തുന്നു. സിനിമാശാലയിൽ തങ്ങളുടെ ഇഷ്ടഗാനം ആസ്വദിക്കുന്നതിൽ പൊതുസമൂഹത്തിന് ഈർഷ്യതോന്നുന്നുണ്ടാകാം എങ്കിലും അവർ അവരുടേതായ രീതിയിൽ അത് ആഘോഷിക്കുന്നു; ആസ്വദിക്കുന്നു. കുതിരവണ്ടിയിൽ അരണ്ട വെളിച്ചം വഴിയൊരുക്കിയ ബോംബേ നഗരത്തിൽ അവർ രാജാക്കന്മാരെപ്പോലെ പാടി ആടി ഉല്ലസിക്കുന്നു. ജീവിതത്തെ വെല്ലുവിളിക്കുന്നു. നേരത്തെ സൂചിപ്പിച്ച നിഷ്കളങ്കത നിറഞ്ഞ ബാല്യം ക്രമേണ അവരെ അവർപ്പോലും അറിയാതെ മുതിർന്നവരാക്കി മാറ്റുന്നു.

   

ഭരണസംവിധാനത്തെയും പുതുതലമുറയെയും ചിത്രം കണക്കറ്റ് പരിഹസിക്കുന്നുണ്ട്. സമൂഹത്തിന്റെ താഴേക്കിടയിൽ ഉള്ള ജനങ്ങളുടെ ജീവിതത്തെ പുരോഗമനപരമായി സ്പർഷിക്കാൻ സാധിക്കാത്ത ഒരു സാമൂഹിക സാമ്പത്തിക വ്യവസ്ഥ നിലനിലക്കുന്നു എന്നും അവരും അനാഥരാക്കപ്പെട്ട കുട്ടികളും അനുകമ്പാർഹമായ ഒരു ജീവിതം നയിക്കുന്നു എന്നും ചിത്രം പറയുന്നു. പോലീസ് പിടിച്ചുകൊണ്ട് പോയ ചായ്പ്പോക്കും അവനെ ഇഷ്ട്ടപ്പെടുന്ന മഞ്ജുവിനും പിന്നീട് എന്ത് സംഭവിക്കുന്നു എന്നത് ശ്രദ്ധിക്കേണ്ടതാണ്. ഇതിൽ, ചായ്പ്പോ നവീകരണ സംവിധാനങ്ങളിൽ നിന്ന് രക്ഷപ്പെട്ട് ഓടിപ്പോകുന്നതും മഞ്ജു ഭീതിതമായ പുറംലോക യാഥാർഥ്യം മനസ്സിലാക്കപ്പെട്ട് നിശബ്ദയാകുന്നതും ആണ് നാം കാണുന്നത്. മഞ്ജുവിന്റെ ലൈംഗിക തൊഴിലാളിയായ അമ്മ രേഖ, എങ്ങനെ നാടിന് തന്റെ മകളുടെ അമ്മയാകാൻ കഴിയും  എന്ന് ഉദ്യോഗസ്ഥയായോട് അത്ഭുതത്തോടെ ചോദിക്കുന്നുന്നതും കാണാം. യഥാർഥത്തിൽ നാട് തന്നെയാണ് മഞ്ജുവിനെപ്പോലെയും, ചായ്പ്പോയെപ്പോലെയും, അവന്റെ സുഹൃത്തായിരുന്ന ചില്ലുവിനെപ്പോലെയുള്ളവരുടെയും അമ്മ എന്ന ഒരു ധ്വനി ഈ ചോദ്യം അവശേഷിപ്പിക്കുന്നുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

Comments

Popular posts from this blog

നീർമാതളം പൂത്ത കാലം - മാധവിക്കുട്ടി - നിരൂപണം - Neermathalam Pootha Kaalam Book Review in Malayalam

Longinus - On the Sublime Chapterwise Summary

Appreciation of the poem First Showers