"നാലപ്പാട്ട് പാമ്പിൻ കാവിൽ അനവധി വർഷങ്ങളായി വളർന്നു നിൽക്കുന്ന നീർമാതളമരം പൂക്കുന്ന കാലത്ത് നാട്ടിൽ വന്നെത്തുവാൻ, കൽക്കത്തയിൽ ഒരു വിദ്യാർത്ഥിയായി ജീവിച്ചിരുന്ന എനിക്ക് എല്ലാവർഷവും സാധിച്ചില്ല. ഇന്നും ആ മരം പൂക്കുമ്പോൾ ഞാനവിടെ എത്താറില്ല. എങ്കിലും ,എൻറെ അടച്ച കൺപോളകൾക്ക് പിന്നിൽ ,വെണ്ണ വർണ്ണമുള്ള പൂക്കളും വഹിച്ച് , തലയെടുപ്പോടെ നിൽക്കുന്ന ആ മരം, വൈകാരിക സുരക്ഷിതത്വത്തിന്റെ ഒരു പ്രതീകം കണക്ക് നിലകൊള്ളുന്നു. അതിൻറെ ഗന്ധം, സ്മരണയുടെ രാജവീഥികളിൽ തളം കെട്ടുന്നു.
നീർമാതളമരം പൂക്കുന്നത് കേവലം ഒരു ആഴ്ചക്കാലത്തിന് വേണ്ടിയാണ്. പുതുമഴയുടെ സുഗന്ധം മണ്ണിൽനിന്നുയർന്നാൽ നീർമാതളം പൂക്കാറായി എന്ന് വിചാരിക്കാം. പൂക്കൾ വന്നു നിറഞ്ഞാൽ ഇലകൾ കൊഴിയുകയും ചെയ്യും. പാടത്തിനപ്പുറത്ത് ആശാരിപറമ്പിൽ നിൽക്കുന്നവരുടെ നാസാരന്ധ്രങ്ങളിലും ഒരു അനുഗ്രഹം എന്നപോലെ ആ പൂക്കളുടെ പരിമളം വന്നെത്തും ...ആ മരത്തിൽ പടർന്ന രംഗൂൺ ക്രീപ്പറുടെ വള്ളികളിൽ എല്ലാമാസവും കുറച്ചു പൂക്കൾ കാണാം; വെളുത്തവയും, ചുവന്നവയും. അവയ്ക്കുമുണ്ടായിരുന്നു ഹൃദ്യമായൊരു സൗരഭ്യം. തെക്ക് പടിഞ്ഞാറൻ കാറ്റ് വീശുമ്പോൾ,സന്ധ്യ ഇരുളിൽ താഴ്ത്തിയ മുറ്റത്ത് അത് പരക്കാറുണ്ടായിരുന്നു . "എനിക്കിവിടെ ഏറ്റവും ഇഷ്ടപ്പെടുന്നത് ഈ പാമ്പിൻ കാവിലെ പൂക്കളുടെ മണം ആണ്" ഞാൻ ഒരിക്കൽ അമ്മമ്മയോട് പറഞ്ഞു. അഭിമാനത്തോടെ അവർ തൻറെ ചുറ്റും നോക്കി. കാഞ്ഞിരവും ഇലഞ്ഞിയും പരിയും, നീർമാതളവും, കുങ്കുമവും പൂവണിഞ്ഞ സമയമായിരുന്നു അത്"
നമ്മൾ ജീവിക്കുന്ന ഈ 21-ആം നൂറ്റാണ്ട് നിസ്സംശയമായും സാംസ് കാരിക ശുഷ്കതയുടെയും, ക്ഷണിക ശ്രദ്ധയുടേയും ജീർണതയുടെയും ഒരു കാലമാണ്. അത്തരമൊരു കാലത്തിന്റെ നിർജീവതയിലേക്ക് നിഷ്കളങ്കതയും, ഗൃഹാതുരത്വവും, ബന്ധങ്ങളുടെ ഊഷ്മളതയും നിറച്ചുകൊണ്ടാണ് 'നീർമാതളം പൂത്തകാലം' എന്ന പുസ്തകം പ്രവേശിക്കുന്നത്. ഈ പുസ്തകത്തിന്റെ താളുകൾ മറയ്ക്കുന്ന മലയാളി, തനിക്ക് എന്നോ നഷ്ട്ടപ്പെട്ട തന്റെ ബാല്യത്തിലേക്കും, അതിന്റെ നിഷ്കളങ്കതയിലേക്കും ആണ് അയാൾ അറിയാതെ തന്നെ സഞ്ചരിക്കുന്നത്.
പുസ്തകത്തിൽ ആദ്യമധ്യാന്തം നിറഞ്ഞുനിൽക്കുന്ന നാലപ്പാട്ട് തറവാടും അമ്പാഴത്തേൽ വീടും അവിടങ്ങളിലെ അകത്തളങ്ങളിൽ തങ്ങളുടെ കൊച്ചു ലോകത്തെ സൃഷ്ടിച്ചുകൊണ്ടിരുന്ന സ്ത്രീ കഥാപാത്രങ്ങളും കമലയുടെ ഓർമകളിൽ എന്ന പോലെ നമ്മുടെ മനസ്സുകളിലും നിറഞ്ഞുനിൽക്കുന്നു. കലി നാരായണൻ നായർ, പാറുക്കുട്ടിയമ്മ, മാധവിയമ്മ, വള്ളി, നാലാപ്പാട്ട് നാരായണ മേനോൻ, മണ്ണാൻ, പെഗ്ഗി, പാറുക്കുട്ടി, തോട്ടി, കുഞ്ഞാത്തു, ത്രിപുര എന്നിവരെല്ലാവരും തന്നെ നമുക്കും പ്രിയപ്പെട്ടവരാകുന്നു. മാധവിക്കുട്ടിയെന്ന ലോകം ആദരിക്കുന്ന എഴുത്തുകാരിയിലേക്കെത്തിച്ചേരാൻ കമലയെന്ന കുട്ടി നടന്ന വഴികളിൽ അവളെ കൈപിടിച്ച് നടത്തിയവരാണ് ഇവരെല്ലാം. അവരുടെ പരിമിതമായ ലോക പരിചയവും, അടിയുറച്ച വിശ്വാസങ്ങളും, കരുതലോടെയുള്ള ഉപദേശങ്ങളും സ്നേഹവായ്പ്പും അനുഭവിച്ച കമല, അവയെ എല്ലാം കൗതുകത്തോടെ ഉൾക്കൊളളാൻ ശ്രമിക്കുന്നതും എന്നാൽ അതേ സമയം തന്നെ തന്റെ അതി വിദഗ്ദമായ നിരീക്ഷണ പാടവം കൊണ്ട് വെല്ലുവിളിക്കുന്നതും നമുക്ക് കാണാം. വിരസമെന്ന് തോന്നിയേക്കാവുന്ന ഇത്തരം കഥാപാത്രങ്ങൾ സൃഷ്ട്ടിച്ച ആ കൊച്ചു കൊച്ചു നിമിഷങ്ങളാണ് ഒരുപക്ഷെ, കമലയ്ക്കെന്നപോലെ നമുക്കും പ്രിയപ്പെട്ടവയായി പിന്നീട് മാറിയത്.
നാട്ടിൽ നിന്ന് കൽക്കട്ടയിലേക്കും അവിടെ നിന്ന് തിരിച്ച് നാട്ടിലേക്കും, തന്റെ ഓർമ്മകൾ സഞ്ചരിക്കുന്ന വഴിയേ സ്വതന്ത്രമായി തൂലിക ചലിപ്പിക്കുകയാണ് എഴുത്തുകാരിയായ മാധവിക്കുട്ടി. ചിട്ടയില്ലാത്ത ആ ഓർമ്മകളിൽ നിന്ന് നാം ആ കാലഘട്ടത്തിലെ ജാതീയതയും, ദേശീയ പ്രസ്ഥാനത്തിന്റെ അലയൊലികളും, യുദ്ധവും, വൈദേശിക സംസ്കാരത്തെ പുൽകിയൊഴുകുന്ന ഇടത്തരം ഇന്ത്യക്കാരെയും, അവർക്കിടയിൽത്തന്നെയുള്ള പാർശ്വവത്ക്കരിക്കപ്പെട്ടവരെയും കുറിച്ചും മറ്റുമുള്ള ഒരു ചിത്രം രൂപപ്പെടുത്തുന്നു. എന്നാൽ ഇവയെല്ലാം ഓരംപറ്റിയൊഴുകുന്ന നാമമാത്രമായ സംഗതികളാണ്; കമലയെന്ന കൗമാരക്കാരിയുടെ ലോകം തനിക്ക് ചുറ്റുമുള്ള സുഹൃത്തുക്കളെയും,അധ്യാപകരെയും, സാധാരണക്കാരെയും, തൊഴിലാളിയെയും, മനസ്സിലാക്കാൻ ശ്രമിക്കവെ വഴിമധ്യേ നാം കണ്ടെത്തുന്നവ. 'നീർമാതളം പൂത്ത കാലം' എന്ന ഈ പുസ്തകത്തിന്റെ ഏറ്റവും വലിയ സംഭാവന ഗൃഹാതുരത ഉണർത്തുന്നതോടൊപ്പം, ബാല്യത്തിൽ നിന്നും കൗമാരത്തിലേക്ക് പ്രവേശിച്ചു കഴിഞ്ഞ കമലയുടെ കാഴ്ചപ്പാടുകളുടെയും നിരീക്ഷണങ്ങളുടെയും പരിണാമത്തെക്കുറിച്ച് അനുവാചകന് അറിവ് നൽകുക എന്നതായിരിക്കാം. മാധവിക്കുട്ടിയുടെ പ്രണയ സഞ്ചാരങ്ങൾ മാത്രം പരാമർശിക്കുന്ന ഒരു പുസ്തകമായി നീർമാതളം പൂത്ത കാലത്തെ സമീപിക്കുന്നത് ഉചിതമായിരിക്കില്ല എന്നാണ് ഞാൻ കരുതുന്നത്.
അങ്ങനെ ആമിയെന്ന പെൺകുട്ടി, കമലയും പിന്നീട് മാധവിക്കുട്ടിയുമായി വളരാൻ തയ്യാറെടുക്കുമ്പോൾ അവൾക്കൊപ്പം അവളുടെ അമ്മമ്മയെപ്പോലെ നാമും ഒന്ന് നെടുവീർപ്പെടുന്നു. എന്നാൽ അവളുടെ തൂലികയിൽ നിന്ന് ആയിരം നീർമാതള പൂക്കൾ വിരിഞ്ഞിരിക്കുന്നു; അവ ഇന്നും സൗരഭ്യം പരത്തുന്നു എന്ന തിരിച്ചറിവിൽ നമ്മൾ ആമിയെ നാലപ്പാട്ട് നീർമാതളച്ചോട്ടിൽ നിർത്തി മാധവിക്കുട്ടിയുടെ കൈപിടിച്ച് നടന്നുതുടങ്ങുന്നു...
*1997 ഇൽ ഈ കൃതിക്ക് മാധവിക്കുട്ടി വയലാർ അവാർഡ് കരസ്ഥമാക്കുക ഉണ്ടായി.
-ആൻജോ പോൾ-
മാധവികുട്ടി 🖤
ReplyDelete