G.H.S.S Valery School History, Wayanad


1981 സെപ്റ്റംബര്‍ 25 ന് ട്രൈബല്‍ ഡയറക്ടര്‍ മാത്യു കുന്നുമ്മല്‍ വാളേരി സ്കൂള്‍ ഉദ്ഘാടനം ചെയ്തു. 67 കുട്ടികള്‍ ആണ് അന്ന്‍ ഉണ്ടായിരുന്നത്. ആടുകുഴിയില്‍ ജോണി എന്നയാളുടെ വീട്ടുവരാന്തയില്‍ വച്ച് ശ്രീ. കെ. ജി. ജസ്റ്റിന്‍ മാസ്റ്റര്‍ കുട്ടികള്‍ക്ക് അറിവിന്റെ ആദ്യ പാഠം നല്‍കി.
സാമൂഹ്യ-ക്ഷേമ കാര്യങ്ങളില്‍ തല്‍പ്പരനായിരുന്ന ശ്രീ. കുനിക്കര കുഞ്ഞിരാമന്‍ നായര്‍ മകളുടെ സ്മരണാര്‍ഥം നല്‍കിയ ഒന്നര ഏക്കര്‍ ഭൂമിയിലാണ് നാട്ടുകാരുടെ ശ്രമഫലമായി സ്കൂളിന് ഒരു ഷെഡ്‌ ഉയര്‍ന്നത്. അതിന്റെ ഉദ്ഘാടനം അന്നത്തെ ഗവര്‍ണര്‍ ശ്രീ. ജ്യോതി വെങ്കിടാചലം നിര്‍വഹിച്ചു. അപ്പോഴും സ്കൂളിന്റെ ഓഫീസ് പ്രവര്‍ത്തിച്ചിരുന്നത് ശ്രീ. കുനിക്കര കുഞ്ഞിരാമന്‍ നായരുടെ വീട്ടിലായിരുന്നു.
1982 ല്‍ സ്കൂള്‍ ആദ്യ വാര്‍ഷികം ആഘോഷിച്ചു. പിന്നീട് വളര്‍ച്ചയുടെ കാലഘട്ടമായിരുന്നു; ചുമരുകളും ആസ്ബസ്റ്റോസ് ഷീറ്റും ഉള്ള കെട്ടിടം വന്നു. കാലക്രമേണ എല്‍. പി. സ്കൂള്‍ യു. പി. സ്കൂള്‍ ആയി മാറി.
1990 ജൂണ്‍ 3 ന് എല്‍. പി. കെട്ടിടോദ്ഘാടനം അന്നത്തെ വിദ്യാഭ്യാസ മന്ത്രി ശ്രീ. കെ. ചന്ദ്രശേഖരനും, യു. പി.  കെട്ടിടോദ്ഘാടനം 1995 ഒക്ടോബര്‍ 25 ന് അന്നത്തെ വിദ്യാഭ്യാസ മന്ത്രി ശ്രീ. ഇ. ടി. മുഹമ്മദ് ബഷീറും നിർവഹിച്ചു.  2011   ഹൈ സ്കൂളും  2014   ഹയർ സെക്കഡറിയും  പ്രവർത്തനം ആരംഭിച്ചു. ആർ. എം. എസ് .   ഫണ്ട്  ഉപയോഗിച്ച്  നിർമിച്ച ബഹുനില  കെട്ടിടം  2018  ജൂൺ  27 ന് മാനന്തവാടി  നിയോജക മണ്ഡലം  എം. എൽ. . ശ്രീ. . ആർ. കേളു  ഉദ്ഘാടനം  ചെയ്തു.
 -2  മുതൽ +2  വരെ പ്രവർത്തിക്കുന്ന  എടവക  പഞ്ചായത്തിലെ ഏക  ഗവണ്മെന്റ്  വിദ്യാലയവും  ഇത് തന്നെ. ഒരു മിനി സ്റ്റെഡിയം ആകാൻ  തക്ക വിശാലമായ  കളിസ്ഥലവും   വിദ്യാലയത്തിന്  സ്വന്തമായി ഉണ്ട്. അക്കാദമികവും കലാപരവും കായികപരവും   ആയ  വിവിധ  മേഖലകളിൽ  മികവ്  തെളിയിച്ചുകൊണ്ട്  വാളേരി സ്കൂൾ ഉയരങ്ങളിലേക്ക്  കുതിച്ചുകൊണ്ടിരിക്കുകയാണ്. ഇന്ന്  മാനന്തവാടി  ഉപജില്ലയിലെ ഹൈ ടെക്  വിദ്യാലയങ്ങളിൽ മുൻപന്തിയിലാണ്  വിദ്യാലയം എന്നത്  ഏറെ  അഭിനന്ദനാർഹമായ  ഒരു കാര്യം ആണ്. അതി മനോഹരവും  എല്ലാ  ഭൗതിക  സാഹചര്യങ്ങളും  ഉള്ള വിദ്യാലയം വാളേരി പ്രദേശത്തിന്റെ  അഭിമാന സ്തംഭമായി  നിലകൊള്ളുന്നു. ഇവയ്ക്കെല്ലാം   കാരണഭൂതരായ അധ്യാപക  സമൂഹത്തിന്റേയും  പൊതുജനത്തിന്റേയും  ജനപ്രതിനിധികളുടേയും  പ്രവർത്തനങ്ങൾ  അങ്ങേയറ്റം  ശ്ളാഘനീയമാണ്.

അവലംബം: G.H.S.S Valery 39th Annual Celebrations, Annual Memoir, 2020.

Comments