ആടിത്തീര്‍ത്ത ജീവിതങ്ങള്‍, ആരൂഡമേറുന്ന ജീവിതങ്ങള്‍ - നിര്‍മാല്യം എന്ന ചിത്രത്തിന്‍റെ വിശകലനം. Review and Analysis of Malayalam Movie Nirmalyam (1973))

വിശ്വാസങ്ങളും ആചാരാനുഷ്ഠാനങ്ങളും ഉള്‍ക്കൊണ്ടു നിലനിന്നിരുന്ന ഒരു സ്വാഭാവിക സാമൂഹിക വ്യവസ്ഥിതിയുടെ അപചയത്തിന്‍റെ ആരംഭത്തെ ആഘോഷിക്കുന്ന ചിത്രമാണ് എം. ടി വാസുദേവന്‍ നായര്‍ സംവിധാനം ചെയ്തിട്ടുള്ള നിര്‍മാല്യം (1973). എം. ടി-യുടെ തന്നെ പള്ളിവാളും കാല്‍ച്ചിലമ്പും എന്ന കൃതിയുടെ ചലച്ചിത്രാവിഷ്കാരമാണ് ഇത്.

ഭൂപരിഷ്കരണ പ്രസ്ഥാനത്തിന്‍റെ ഭാഗമായി സംഭവിച്ചിട്ടുള്ള സാമ്പത്തിക സാംസ്കാരിക മുന്നേറ്റമാണ് കുടിയാന്മാരാല്‍ നില നിന്നുപോന്നിരുന്ന വിശ്വാസങ്ങള്‍ക്ക് ഇത്തരത്തില്‍ ഒരു തിരിച്ചടി നേരിടാന്‍ ഉണ്ടായ പ്രധാന കാരണമായി ചിത്രം അവതരിപ്പിക്കുന്നത്‌. ഇത് തുടങ്ങിയത് ജന്മിത്വത്തിന്‍റെ പതനത്തില്‍ നിന്നാണ്. എന്നാല്‍ വളരെ കൌതുകകരമായ ഒരു വസ്തുതയായി ചിത്രം അവതരിപ്പിക്കുന്നത്‌ ജന്മിത്വത്തിന്‍റെ തകര്‍ച്ച ബാധിച്ചത് അധികവും ജന്മിത്വത്തിൻറെ  ആശ്രിതര്‍ക്കാണ്, ജന്മിത്വത്തിനല്ല എന്ന കാര്യമാണ്. ഇതിന്‍റെ പ്രത്യക്ഷ ഉദാഹരണങ്ങളായാണ് വെളിച്ചപ്പാടിനേയും, വാര്യരേയും, നമ്പ്യാരേയും ചിത്രത്തില്‍ അവതരിപ്പിക്കുന്നത്‌. കാള പേറുന്ന ഭാരം കണക്കെ ജീവിതഭാരത്താല്‍ തളര്‍ന്ന വെളിച്ചപ്പാടിനെ മറ്റൊരു തരത്തിലും ജീവിക്കാന്‍ കഴിയാത്ത വിധമാക്കി തീര്‍ത്തത് ഇതേ ജന്മിത്വ വ്യവസ്ഥിതി ആണ്.



ഒരിക്കലും നടക്കാന്‍ ഇടയില്ലാത്ത ജന്മിത്വത്തിന്‍റെ തിരിച്ചുവരവിനെ സ്വപ്നം കണ്ട് ഒരു നല്ല കാലം വരും എന്ന് വിശ്വസിക്കാനാണ് കാര്യസ്ഥനായിരുന്ന വാര്യര്‍ (മറ്റൊരു ആശ്രിതന്‍) ശ്രമിക്കുന്നത്. അതിന്‍റെ തുടക്കം അമ്പലത്തിലെ ശാന്തിയില്‍ അയാള്‍ കാണുന്നു. വഴിപാടും കുരുതിയുമായി നല്ല രീതിയില്‍ നടക്കപ്പെടുന്ന ഒരു അമ്പലം എല്ലാത്തിനും തുടക്കമാകും എന്ന പ്രതീക്ഷ ആണ് അയാളെ എല്ലാ സൌകര്യങ്ങളും ഒരുക്കി നല്‍കി ഉണ്ണി നമ്പൂതിരി എന്ന ശാന്തിയെ സ്വീകരിക്കാന്‍ പ്രേരിപ്പിക്കുന്നത്. എന്നാല്‍ ഇദ്ദേഹം ഒരു സ്ഥിര വരുമാനമുള്ള ജോലിക്കായുള്ള നിരന്തര പരിശ്രമത്തില്‍ ജനറല്‍ നോളെട്ജ് പുസ്തകം വായിച്ച് സര്‍ക്കാര്‍ സര്‍വീസില്‍ കയറി പറ്റാനും കത്തയച്ച് പത്രം വരുത്തി ജോലി തേടിക്കൊണ്ടിരിക്കുന്നതുമാണ് നാം കാണുന്നത്.



 

ജന്മിത്വത്തിന്‍റെ എല്ലാ സൌകര്യങ്ങളും ചൂഷണം ചെയ്ത് ജീവിച്ച ഉന്നത വിഭാഗം കാലത്തിന് ഏറ്റ ഈ മാറ്റത്തെ മനസ്സിലാക്കുകയും ബസ് സര്‍വീസ് ആരംഭിച്ചും വിദേശികള്‍ക്ക് മുന്‍പില്‍ പരമ്പരാഗത കലകള്‍ പ്രദര്‍ശിപ്പിച്ചും ഈ മാറ്റത്തിനൊപ്പം സഞ്ചരിക്കുമ്പോള്‍ (“ഇവിടെ ഇപ്പൊ അമ്പലം, കഥകളി എന്നൊക്കെ പറഞ്ഞാല്‍ ചെവിട്ടില്‍ പോകില്ല. ബസ് സര്‍വീസ്, റബ്ബര്‍, ടയറിന്‍റെ വില ഇതൊക്കെയാ. പിന്നെ അല്‍പ്പം കല ബാക്കി ഉണ്ട് ട്ടോ. സത്യം പറയാലോ, അത് സായിപ്പന്മാര് വരുമ്പഴെക്കിള്ളതാ.) അതിന്‍റെ ആശ്രിതരായിരുന്ന വെളിച്ചപ്പാടുള്‍പ്പെടുന്ന ഒരു വിഭാഗം ദാരിദ്രത്തിലും പ്രയോജനശൂന്യതലും നട്ടം തിരിയുകയാണ്.

                   

                


 അവരുടെ മക്കള്‍ ജോലി തേടി അലയുന്നവരും ജീവിതത്തിന്‍റെ ലക്ഷ്യം നഷ്ട്ടപ്പെട്ടവരും ആയി മാറുകയാണ്. അന്ധവിശ്വാസങ്ങളില്‍ നിന്ന് ഇനിയും കരകയറിയിട്ടില്ലാത്ത ഒരു ജനവിഭാഗം മാത്രമാണ് ഇന്നും ഈ വ്യവസ്ഥിതിയുടെ സംരക്ഷകരായി കണക്കാക്കപ്പെടുന്നത്. വസൂരി, ദേവിയുടെ പരീക്ഷണം ആയി മാറുന്നത് മാത്രമാണ് എന്തുകൊണ്ട് ഇത്തരം വിശ്വാസങ്ങള്‍ ഇനിയും നിലനില്‍ക്കണം എന്ന ചോദ്യത്തിന് ഏക ഉത്തരം. 

                  

ഇതോടൊപ്പം തന്നെ പറയേണ്ടതാണ് ഇന്നും കാര്യമായി ഒന്നും ചെയ്യാന്‍ സാധിച്ചിട്ടില്ലാത്ത ജാതീയമായ വേര്‍തിരിവുകള്‍. (ജാതിയുടെ പേരില്‍ അച്ഛന്‍ മകളെ കൊന്ന ദുരഭിമാനകൊല ഈ അടുത്ത കാലത്ത് നടന്നാതാണല്ലോ). ചിത്രത്തില്‍ അമ്പലത്തിനടുത്തുള്ള ഭ്രാന്തന്‍ മുതല്‍ നമ്പൂതിരി വരെ ജാതി മേന്മ പറഞ്ഞ് മേനി നടിക്കുന്നവരാണ്. അമ്പലത്തിനെ ചുറ്റിപ്പറ്റി ജീവിക്കുന്ന ഈ ഭ്രാന്തന്‍, ആചാരാനുഷ്ഠാനങ്ങള്‍ക്ക് ഇന്ന് വന്നു ഭവിച്ചിട്ടുള്ള ദുര്‍ഗതിയെയാണ് സൂചിപ്പിക്കുന്നത്.

ബ്രഹ്‌മാവിനിൽ നിന്ന് അമരജീവിയായി മാറാൻ വരം  ലഭിച്ച ദാരികൻ തൻ്റെ കഴിവിൽ  അഹങ്കരിച്ചപ്പോൾ ദാരികനെ ഇല്ലാതാക്കാൻ ആയി ഭദ്രകാളി സൃഷ്‌ടിക്കപ്പെട്ടതും പിന്നീട് ദാരികൻ കൊല്ലപ്പെടുന്നതുമായ വിശ്വാസത്തിനോട്  ചേർത്തുവയ്ക്കാവുന്നതാണ് ദേവിയുടെ ആശ്രിതനായ വെളിച്ചപ്പാടിൻറെ ജീവിതം. മാറ്റാനാകാത്തതായ ദൈവങ്ങളുടെ നിശബ്ദതയില്‍ ആടിതീര്‍ത്ത് ജീവിതം അവസാനിപ്പിക്കാനെ ദാരികന്‍റെ ദുര്‍ഗതി പിന്തുടരുന്ന, ദൈവങ്ങളുടേയും ജന്മിത്വത്തിന്‍റെയും ഒരേപോലെ ആശ്രിതനായിരുന്ന അദ്ദേഹത്തിന്  കഴിയുന്നുള്ളൂ.  


അന്ധവിശ്വാസങ്ങളും, മതപരമായ അസഹിഷ്ണുതയും ഒരേപോലെ അരങ്ങുവാഴുന്ന ഈ കാലത്ത് ഏറെ പ്രസക്തമായ ഒരു ചിത്രമാണ് നിര്‍മാല്യം.


-ആന്‍ജോ- 

Comments