Call me whatever you like…I am; I am – Review and Analysis of the movie Thondimuthalum Driksakshiyum (2017).

എന്നെ എന്തും വിളിക്കൂ... - തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിന്‍റെ ഒരു വിശകലനം. -

ചിത്രം: തൊണ്ടിമുതലും ദൃക്സാക്ഷിയും.

പുരസ്കാര നിറവില്‍ നില്‍ക്കുമ്പോള്‍ ഒരിക്കല്‍ കൂടി തിരിഞ്ഞു നോക്കാന്‍ തോന്നുന്നു. ഈ മനോഹര ചിത്രത്തിലേക്ക്.

ഓരോ ഫ്രേമുകളിലും വ്യത്യസ്തമായ അര്‍ത്ഥതലങ്ങള്‍ കൊണ്ടുവരുന്ന ഒരു ചിത്രമെന്ന നിലയ്ക്ക് ഏതെങ്കിലും ഒരു അടിക്കുറിപ്പ് നല്‍കി അതില്‍ ഒതുക്കി നിര്‍ത്താന്‍ സാധിക്കാത്ത ചിത്രമാണ് “തൊണ്ടിമുതലും ദൃക്സാക്ഷിയും”. എന്നിരുന്നാലും ഈ സംവിധായകന്‍റെ മുന്‍ ചിത്രം പോലെത്തന്നെ ഇതും സമൂഹത്തിന്‍റെ ആഴത്തിലുള്ള ഒരു പഠനമാണ്.

ചിത്രത്തിന്‍റെ ശ്രദ്ധാകേന്ദ്രം എന്നത് ഒരു കള്ളനാണ് (ഒരു കള്ളനെന്ന് മാത്രമായി അയാളെ വിളിക്കാന്‍ സാധിക്കില്ല എന്നത് മറു വശം). സ്വന്തമായി ഒരു പേരു പോലും ഇല്ലാത്ത ഇയാളുമായി ഓരോ കഥാപാത്രവും ഒന്നല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ഏതെങ്കിലും രീതിയിലുള്ള ഒരു കുഴപ്പത്തില്‍ അകപ്പെട്ടവരാണ്‌. തന്‍റെ എതിരാളിയുടെ പേര് (പ്രസാദ്) പോലും മോഷ്ടിക്കുന്ന ഒരു കള്ളന്‍, വളരെ സമര്‍ത്ഥമായി തന്നെ നിയന്ത്രിക്കാന്‍ വരുന്ന എല്ലാവരെയും തന്‍റെ ഇഛയ്ക്കനുസരിച്ച് നിയന്ത്രിക്കാന്‍ കഴിവുള്ള ഒരസാമാന്യ കള്ളന്‍. ആരാണിയാള്‍? ചിത്രം ആരംഭിക്കുമ്പോള്‍ മുതല്‍ ഏവരും ചോദിക്കുന്ന ഒരേയൊരു ചോദ്യം.

ഒരുപക്ഷെ നിരുപദ്രവകരമെന്ന്‍ തോന്നുന്ന ഒരു പേരു മോഷണത്തിലും പോലീസുകാരെ കുഴപ്പത്തിലാക്കുക എന്നതിലുപരി ചിത്രം നമ്മോട് പറയാന്‍ ശ്രമിക്കുന്ന ഒരു കാര്യമുണ്ട്:

നമ്മളിലോരോരുത്തരിലും സാമൂഹിക വ്യവസ്ഥിതിയെ വെല്ലുവിളിക്കുന്ന കള്ളനായ ഒരു പ്രസാദ് ഉണ്ട്. അതുപോലെതന്നെ അവയെ എല്ലാം ബഹുമാനിക്കുന്ന, നിയമങ്ങളെല്ലാം അനുസരിക്കുന്ന ഒരു സാധാരണ പ്രസാദും ഉണ്ട്. ചിത്രത്തിന്‍റെ ഒടുക്കത്തില്‍ ചേറിലും ചെളിയിലും പുരണ്ട് രണ്ട് പ്രസാദുമാരും തമ്മില്‍ മല്ലടിക്കുമ്പോള്‍ അവരുടെ വസ്ത്രങ്ങളെ തമ്മില്‍ ചേര്‍ക്കുന്ന കറുപ്പു നിറവും ലക്ഷ്യങ്ങളെ തമ്മില്‍ ചേര്‍ക്കുന്ന ശാരീരിക അധ്വാനത്തിലൂടെയും ചിത്രം ഇത് നമുക്ക് പിന്നീട് കാണിച്ച് തരുന്നു. കള്ളനായ പ്രസാദ് മാന്യനായ പ്രസാദിന്‍റെ കേവലം മറ്റോരു പരിധി മാത്രമാണ്.

കള്ളന്‍ പ്രസാദിന്‍റെ അവജ്ഞ ഉളവാക്കുന്ന പഴകിയ വസ്ത്രവും എണ്ണ കാണാത്ത ചെമ്പിച്ച തലമുടിയും വിചിത്രമായ അംഗവിക്ഷേപങ്ങളും അടിവരയിട്ട് പറയുന്ന ഒരു കാര്യമുണ്ട്: അനുഭവങ്ങള്‍. ഒരുപക്ഷെ ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളില്‍ നിന്നെല്ലാം ഇയാളെ വ്യത്യസ്ഥനാക്കുന്ന ഒരേയൊരു സംഗതി ഇത് മാത്രമാകാം. ഈ ഒറ്റ വാക്കില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്ന അര്‍ത്ഥവ്യാപ്തി അനന്തമാണ്‌. ഈ ചങ്ങാതി ജീവിതത്തിന്‍റെ സമസ്ഥ മേഖലകളിലും അനുഭവം ആര്‍ജിച്ചയാളാണ്. അങ്ങനെയുള്ള ഒരാള്‍ക്കുമേല്‍ ഒന്നിനും തന്‍റെ കഴിവ് പ്രകടിപ്പിക്കാന്‍ സാധിക്കുന്നില്ല; അയാള്‍ ആര്‍ക്കും നിയന്ത്രണ വിധേയനാകുന്നില്ല, ഒന്നിനും നിയന്ത്രണ വിധേയനാകുന്നില്ല.

കൃത്യമായി എങ്ങനെയൊക്കെ ആണ്, ഏതൊക്കെ സാഹചര്യങ്ങള്‍ ആണ് ഇയാളെ തന്നെ നിയന്ത്രിക്കാന്‍ വരുന്ന ധാര്‍മിക ഉത്തരവാദിത്തമുള്ള പൊതുജനത്തേയും, നിയമവുമായി വെല്ലുവിളിയിലേര്‍പ്പെട്ടിരിക്കുന്ന സകലരെയും കൈകാര്യം ചെയ്ത് കഴിവു തെളിയിച്ചിട്ടുള്ള പോലീസുകാരെയടക്കം കബളിപ്പിക്കത്തരത്തില്‍ കൊണ്ടെത്തിച്ചതെന്ന് നമുക്കറിയില്ല. എന്നിരുന്നാലും പ്രണയ ബന്ധത്തിന്‍റെ ആഴവും ജോലി ചെയ്യാനുള്ള കാര്യക്ഷമതയും എല്ലാം ചോദ്യം ചെയ്യുന്ന തരത്തില്‍ രംഗപ്രവേശം ചെയ്തിട്ടുള്ള ഇയാള്‍ നിസ്സാരക്കാരനല്ലെന്ന് സമ്മതിച്ചേ തീരു. എങ്കിലും ഇയാള്‍ ആരെന്ന് അറിയാന്‍ നമുക്കൊന്ന് ശ്രമിച്ചു നോക്കാം.

               

കള്ളൻ  പ്രസാദ് പറയുന്ന  "ഈ  പ്രായത്തിൽ  നല്ല വിശപ്പാ  സാറേ" എന്ന ഒരു വാചകത്തിൽ  അയാളെ  ഒതുക്കി  നിർത്തി മനസ്സിലാക്കാൻ  ശ്രമിച്ച് സമാധാനമടഞ്ഞാൽ   അയാളെ  വളരെകണ്ട്  ലഘൂകരിച്ച്  കാണുന്നതിന്  തുല്യമാകും. എന്നാൽ ഈ വിശപ്പിനും  ഇതിനോടകം  അയാൾ ചെയ്തിരിക്കാവുന്ന ഇപ്പോഴുള്ള മാലമോഷണം  വരെയുള്ളതിനിടയ്ക്കെവിടെയോ  ആണ്  നമുക്ക്  അൽപ്പമെങ്കിലും അയാളെ  മനസ്സിലാക്കാൻ  സാധിച്ചേക്കുള്ളൂ. മുന്‍പ് സൂചിപ്പിച്ച പ്രത്യക്ഷത്തിലുള്ള സൂചകങ്ങളും ഇതുവരെ ഇയാള്‍ കാട്ടിക്കൂട്ടിയിട്ടുള്ള ചെയ്തികളും നമ്മളോട് ഒരു കാര്യം തറപ്പിച്ച് പറയുന്നുണ്ട്: അയാള്‍ക്ക് ഈ അറിവുകളെല്ലാം പകര്‍ന്നു നല്‍കിയ ഒരു അധ്യാപകനെക്കുറിച്ച്; സമൂഹം എന്ന അധ്യാപകനെക്കുറിച്ച്. 

അതിജീവനത്തിനായി ഈ അറിവുകള്‍ പകര്‍ന്നു നല്‍കിയ ഈ അദ്ധ്യാപകന്‍ “വിദ്യാര്‍ഥി കേന്ദ്രീകൃതമായി, സൗഹാര്‍ദ്ദപരമായി” ആണ് ഈ അറിവുകള്‍ പകര്‍ന്നു നല്‍കിയത് എന്ന് കരുതിയാല്‍ തെറ്റി. നേരെ മറിച്ച് ഈ അധ്യാപകന്‍റെ ക്രൂരവും അലിവില്ലാത്തതും കാപട്യപരവുമായ സമീപനമാണ് ഒരു കള്ളനെന്നു പോലും വിളിച്ച് പൂര്‍ണ്ണമായി വിവരിക്കാന്‍ സാധിക്കാത്ത തരത്തിലുള്ള ഒരു പ്രതിഭാസമാക്കി അയാളെ മാറ്റിയത്. ഇനി അയാള്‍ക്ക് താന്‍ ശേഖരിച്ച് വച്ചിരിക്കുന്ന അനുഭവങ്ങളുടെ ഭാണ്‍ഡത്തില്‍ നിന്ന് ആവശ്യമായവ ആവശ്യമുള്ള സമയത്ത് എടുക്കുക മാത്രമേ ആവശ്യമുള്ളു.

സമൂഹം തന്നെ നിര്‍മിച്ചിട്ടുള്ള ഒരു സാമൂഹിക മാലിന്യം (കള്ളന്‍ പ്രസാദ്) അതിന്‍റെ ഉഗ്ര രൂപം പൂണ്ട് അവതരിക്കുമ്പോള്‍ അതിനെ എങ്ങനെ നിയന്ത്രിക്കണമെന്ന് അതേ സമൂഹത്തിനു തന്നെ അറിയാന്‍ സാധിക്കാതെ വരിക! അനിതര സാധാരണമായ ഒരു സ്ഥിതി വിശേഷത്തെ ഇത്രത്തോളം തന്മയത്തത്തോടെ വളരെ ലഘുവായ ഒരു സങ്കേതം ഉപയോഗിച്ച് അവതരിപ്പിക്കാന്‍ സാധിച്ച സംവിധായകന്‍റെയും എഴുത്തുകാരന്‍റെയും ധിഷണയെ അംഗീകരിച്ചേ മതിയാകൂ.

ചിത്രം അവസാനിക്കുമ്പോള്‍ പോലും ആരായിരുന്നു അയാള്‍ എന്നതിനെക്കുറിച്ച് പൂര്‍ണമായ ഒരു രൂപം  നമുക്ക് കിട്ടുന്നില്ല. ഒരിക്കല്‍ ഏതോ ഒരു ഭാഗത്ത് മാത്രമാണ് തന്‍റെ കഥ പറയാനായി അയാള്‍ (കള്ളന്‍ പ്രസാദ്) മുതിരുന്നത്. പക്ഷെ അപ്പോള്‍ അവിടെ വില്ലനായി വരുന്നത് എഴുത്തുകാരനും സംവിധായകനുമാണ്‌. അയാള്‍ തന്‍റെ കഥ പറയാനോരുമ്പെടുമ്പോഴേക്കും വളരെ സമര്‍ത്ഥമായി സംവിധായകന്‍ ക്യാമറക്കണ്ണുകളെ തട്ടിമാറ്റുകയാണ്. എന്തുകൊണ്ടാവാം? മുന്‍പ് സൂചിപ്പിച്ചത് തന്നെ. അയാള്‍ കഥ പറയാന്‍ തുടങ്ങിയാല്‍ ഈ ഫീച്ചര്‍ ഫിലിം തികയാതെ വരും, അത്രക്കുണ്ട് അയാള്‍ക്ക് പറയാന്‍.

ഇയാളെ നിങ്ങള്‍ക്ക് എന്തും വിളിക്കാം; ദുഷ്ട്ടനെന്നും, കള്ളനെന്നും, വിചിത്ര വ്യക്തിയെന്നും അങ്ങനെ എന്തും. അപ്പോഴെല്ലാം അയാള്‍ കള്ളനെന്ന് വിളിച്ച ശ്രീജയെ നോക്കി ചിരിച്ചതുപോലെ നിങ്ങളെയും നോക്കി ചിരിക്കുകയെ ഉള്ളു.

സമൂഹത്തെ വ്യാഖ്യാനിക്കാനുള്ള അവസരങ്ങളുടെ അത്രത്തോളംതന്നെ വലുതാണ്‌ ഈ ചിത്രത്തിന്‍റെയും വ്യാഖ്യാന സവിശേഷത എന്നതാണ്  “തൊണ്ടിമുതലും ദൃക്സാക്ഷിയും” എന്ന ചിത്രത്തിന്‍റെ ഏറ്റവും വലിയ സവിശേഷത. മലയാള സിനിമ ചരിത്രത്തിലെ അസാമാന്യമായ ഒരേടാണ് “തൊണ്ടിമുതലും ദൃക്സാക്ഷിയും” എന്ന കാര്യത്തില്‍ സംശയമില്ല.


-ആന്‍ജോ-

English Version.


It is difficult to come up with a single tag for this movie as the movie brings in numerous undertones of interesting findings in each and every frame of it. Like the previous movie of the director this one also is a subtle study of the society.

The central focus of the movie is a ‘thief’ (we certainly cannot call him just a ‘theif’). One thing that we can unequivocally say is that almost all other characters in the movie are engaged in one or the other type of trouble with this thief who does not even have a proper name. He even steals the name of his rival Prasad. This seemingly innocuous incident tells us that there is a thief-Prasad lying so deeply in every human being as there is an ordinary law abiding-Prasad. He is one extension of the other Prasad’s identity. His disgusting appearance with the unoiled-sweat shining hairs and that unkempt rag that he wears, tells us one important thing about him: experience. In fact this is the chief thing that sets him apart from all other characters in the movie. This guy is so heavily experienced in all fields of his life that nothing works for him, nobody controls him.


We do not know how he became so experienced in proper terms, so as to fool not just a bunch of morally concerned people (public) but also the police (law and justice) who until then had an easy life with all those people who were in contradiction with the law. It is the arrival of this unnamed thief who tests their efficiency and their integrity. Anyway one thing is certain that the chief teacher who gave him these lessons in survival tactics is the society herself. He (thief) is just acting out the retribution on members of the same society whose ill treatment made him go through innumerous terrible life situations. He then garners his sack of experiences which he only has to execute in the right time.  Even after everything is over nothing deep is revealed about the past of the thief. Whenever he tries to talk about his past the director cleverly cuts it off to move to another important scene. But why? Because there is so much to say…that will not even fit into the limitations of a feature film-this man whom you can call a geek, a flake or whatever you like is all what you call him. Because you have made him so! He is the living ghost, living excrement of the society in whose creation she (society) cannot escape the responsibility. He is churned and contorted in all ugly dealings of the society that he has finally become somebody whom you cannot even call a ‘thief’, because even that word itself does not describe him enough.

An important quality of the movie Thondimuthalum Driksakshiyum (2017) is that its interpretations are as wide as the nature of the society herself. Therefore it is open for numerous readings as the society is open for the same in a never ending manner.

-Anjoe Paul-

Comments