Goat Tales-Some Interesting things about Aadu oru Bheekara Jeevi Aanu (2015) and Aadu 2 Movies.

ആട് കഥകൾ

                   പുറത്തിറങ്ങിയത് മുതൽക്ക് ഒരുപാട് ആരാധകവൃന്ദത്തെ സൃഷ്‌ടിച്ച   ചിത്രമാണ് "ആട്  ഒരു ഭീകര ജീവിയാണ്"  എന്ന ചിത്രം. എല്ലാ  പ്രശ്നങ്ങളും മറന്ന്  അൽപ്പനേരം ചിരിക്കാനുള്ള ഒരുപാധി  എന്ന നിലയിൽ ആണ് ഈ ചിത്രം അധികവും സമീപിക്കപ്പെടുന്നത്. എന്നാൽ അതിൽ  നിന്നും  മാറി അൽപ്പം  ചിന്തയ്ക്ക് കൂടി വകനൽകുന്ന സംഗതികളും ഉൾക്കൊള്ളുന്ന ഒരു ചിത്രമാണ്  ആട്. ഇനി  പറയുന്ന  കാര്യങ്ങൾ ചിലപ്പോൾ ഒരു തരത്തിലെ "അതിവായന" ആയി അനുഭവപ്പെട്ടേക്കാം. എങ്കിലും ചിത്രത്തിലെ ഒളിഞ്ഞിരിക്കുന്ന ആശയ സങ്കേതങ്ങൾ ചർച്ചചെയ്യുമ്പോൾ അത്തരത്തിൽ അനുഭവപ്പെട്ടേക്കില്ല  എന്ന് പ്രതീക്ഷിക്കുന്നു.

                             

                ചിത്രത്തിലെ കേന്ദ്രകഥാപാത്രമായ ആടിൽ നിന്നുതന്നെ തുടങ്ങാം. നിഷ്കളങ്കമായ ഒരു ജീവിയായി കരുതപ്പെടുന്ന ഒന്നാണ്  ആട്. വിശാലമായ ഒരർഥത്തിൽ സ്ത്രീകളുടെ  പ്രതിനിധിയായാണ് സംവിധായകൻ  ആടിനെ അവതരിപ്പിക്കുന്നത്. ചിത്രത്തിൽ  ആട്  സ്ത്രീകളെയാണ്  പ്രതീകവൽക്കരിക്കുന്നത് (symbolism).

              ചിത്രം നിർമിക്കപ്പെട്ട സമയത്തും  ഇന്നും  ഒരേപോലെ പ്രസക്തമാണ് സ്ത്രീകൾക്ക് സമൂഹത്തിൽ നേരിടേണ്ടിവരുന്ന ദുരനുഭവങ്ങൾ. അതിനാൽത്തന്നെ വളരെ പ്രാധാന്യത്തോടെ, എന്നാൽ  തമാശയുടെ പിൻബലത്താൽ വ്യത്യസ്തമായ ഒരു രീതിയിൽ ആണ് ഈ ആശയം  സംവിധായകൻ അവതരിപ്പിക്കുന്നത്.

             ഷാജിപാപ്പനും കൂട്ടർക്കും വടംവലി മത്സരത്തിൽ ലഭിച്ച സമ്മാനമായാണ് ആട്  ചിത്രത്തിൽ എത്തുന്നത്. ഉപഭോഗവസ്തുക്കളെപ്പോലെ കരുതപ്പെടുന്ന സ്ത്രീത്വത്തെ ആണ് ഇത് ഓർമപ്പെടുത്തുന്നത്.

             വളരെ ആവേശത്തോടുകൂടി നടത്തപ്പെടുന്ന ഒരു മത്സരയിനമാണ് വടംവലി. സ്വന്തമായി വടംവലി ടീം ഉള്ള ഷാജി പാപ്പന്,  പക്ഷെ  തന്റെ നടുവേദന  കാരണം ഒരിക്കൽപ്പോലും ഈ മത്സരത്തിൽ വേണ്ടവിധം  പങ്കെടുക്കാൻ  സാധിക്കുന്നില്ല. വളരെ തമാശയോടുകൂടിയാണ് ഷാജിപാപ്പൻ ഈ അവസ്ഥയിൽ എത്തുന്നത് കാണിക്കുന്നതെങ്കിലും, ഈ വസ്തുത നമ്മെ ഏദൻ തോട്ടത്തിൽ ഒറ്റയ്ക്കാക്കപ്പെട്ട ആദത്തിലേക്കും പിന്നീട് അവനിൽ  നിന്ന് എങ്ങനെ ഒരിണയായി ഹവ്വ സൃഷ്ടിക്കപ്പെട്ടു  എന്നുമുള്ള കാര്യങ്ങളെ  ഓർമപ്പെടുത്തുന്നു. എന്നാൽ പുരുഷ  കേന്ദ്രീകൃതസമൂഹം ആ  ഇണയെ ഇന്ന്  പുരുഷ ശരീരത്തിലെ മാത്രമല്ല മനസ്സിലെയും നിരന്തരമായ ഒരു വേദനയാക്കി  മാറ്റിയിരിക്കുന്നു..

                           

            കഥാപാത്ര  പ്രാധാന്യത്തോടെതന്നെ  പ്രത്യക്ഷപ്പെടുന്ന ഒന്നാണ് ഷാജി  പാപ്പന്റെ വാൻ. ഷാജി  പാപ്പനും കൂട്ടരും യാത്രചെയ്യുന്നത് അധികവും ഈ വാഹനത്തിൽത്തന്നെയാണ്. എന്നാൽ  ചിത്രത്തിൽ ഈ  വാഹനത്തിന് നൽകപ്പെട്ട പ്രാധാന്യത്തിന്റെ കാരണം  മറ്റൊന്നാണ്. ഇന്ത്യയുടെ തലസ്ഥാന നഗരിയായ ഡൽഹിയിൽ ബസിൽ വച്ച്  ഒരു  പെൺകുട്ടി പീഡിപ്പിക്കപ്പെട്ടത് ഏറെ ചർച്ചയായ  ഒരു  സംഭവമാണ്. പൊതു ഗതാഗത സംവിധാനങ്ങളിൽ പോലും സുരക്ഷിതയായി  യാത്രചെയ്യാൻ സാധിക്കാത്ത ഒരു സാഹചര്യം രൂപപ്പെട്ട ഈ  പശ്ചാത്തലത്തിൽ ആണ് ഷാജി പാപ്പനും കൂട്ടരും യാത്രചെയ്യുന്ന വാൻ ശ്രദ്ധയിൽ  വരേണ്ടത്.  ഈ വാഹനത്തിന്റെ തന്നെ പിന്നിൽ സ്ത്രീകൾക്ക് പ്രവേശനമില്ല എന്നെഴുതിയത് ശ്രദ്ധിച്ചിരിക്കുമല്ലോ. ഇത് കേവലം ഷാജി പാപ്പന്റെ ഭാര്യ പാപ്പനെ തനിച്ചാക്കി പോയതിനാൽ മാത്രമല്ല.

            ഇനി പേരിലേക്ക്  വരാം. ഷാജി  പാപ്പനും കൂട്ടരും തങ്ങൾക്ക്  സമ്മാനമായി  ലഭിച്ച ആടിനെ 'പിങ്കി'  എന്നാണല്ലോ  വിളിക്കുന്നത്. പിങ്കി എന്ന പേര്  പിങ്ക് നിറത്തെ ഓർമിപ്പിക്കുന്നു. പിങ്ക് നിറം സാധാരണ രീതിയിൽ സ്ത്രീകൾ മിക്കവരുടെയും  ഇഷ്ട്ട  നിറമാണ്. മാത്രവുമല്ല പിങ്ക് നിറം തന്നെ സ്ത്രീകളേയും സ്ത്രീത്വത്തെയും  ഓർമിപ്പിക്കുന്നു. (പിങ്ക് ടാക്സി, പിങ്ക്  ബസ്, പിങ്ക് പോലീസ്  പട്രോൾ  എന്നിവ  ഉദാഹരണങ്ങൾ). ഇതേ  വായനയെ  ബലപ്പെടുത്തുന്ന  ഒന്നാണ്  ഷാജി പാപ്പനും കൂട്ടരും ഏത് കാര്യത്തിനാണ് പോലീസ്  സ്റ്റേഷനിൽ  എത്തുന്നത്  എന്നതും അവിടെ മൃഗസ്‌നേഹി  ആയി  എത്തുന്ന  ആളുടെ  പ്രതികരണവും: "ഒരു സ്ത്രീക്കാണ് ഇത്  സംഭവിച്ചതെങ്കിൽ  ഞാൻ ഇത്  ക്ഷമിക്കും എന്നാൽ ..." എന്നു തുടങ്ങുന്ന വാചകം-ഇത് സമൂഹത്തിന്റെ ജീർണാവസ്ഥയുടെ  മറ്റൊരു ഉദാഹരണമാണ്.

                                 

                                                   

            എന്നാൽ പ്രതിസന്ധികളിൽ തനിച്ചാക്കി  പോകുന്ന സ്ത്രീകളും ഉണ്ട്  എന്ന വസ്തുതയെ  മറക്കാൻ സാധിക്കില്ല. മേരി  എന്ന കഥാപാത്രം  ഇക്കാര്യം  ഓർമപ്പെടുത്തുന്നു.

                                                 

           സ്ത്രീത്വത്തെ  സംബന്ധിച്ച  കാര്യങ്ങൾ മാത്രമല്ല, മറ്റ് വിഷയങ്ങളും ചിത്രം  കൈകാര്യം ചെയ്യുന്നുണ്ട്. അതിൽ ചിലതാണ് മദ്യ  നിരോധനം   ആർക്കാണ് ഗുണം ചെയ്തത്  എന്ന ചർച്ച. ഈ  അവസരവുമായി  ചേർത്ത്  വായിക്കപ്പെടേണ്ട  ഒരു കഥാപാത്രമാണ് ബാറ്ററി സോമന്റെ  കഥാപാത്രം.

          ഏവരെയും  ഒരുപാട്  ചിരിപ്പിച്ച  കഥാപാത്രമായിരുന്നു ക്യാപ്റ്റൻ  ക്‌ളീറ്റസ്. സ്പോർട്സ് താരങ്ങളുടെ ഫാൻസുകൾ പലപ്പോഴും ഭ്രാന്തമായ വ്യക്തി  ആരാധനയാണ് പ്രകടിപ്പിക്കാറ്   എന്ന സൂചനയാണ്  ഈ കഥാപാത്രം  നൽകുന്നത്.

                                                   

          ചിത്രത്തിന്റെ  ആരംഭത്തിൽ ആടിനോട്  വിരോധമുള്ള ഒരാളായാണ്  പാപ്പൻ  പ്രത്യക്ഷപ്പെടുന്നതെങ്കിലും പിന്നീട്  ആടിന്റെ  രക്ഷകനായി മാറുന്ന  ആളാണ്  പാപ്പൻ. ഷാജി  പാപ്പൻ  ആടിനെ എടുത്ത്  നിൽക്കുന്ന ഒരു  രംഗം നമ്മെ  വളരെ  പ്രശസ്തമായ ക്രിസ്തുവിന്റെ നല്ലിടയൻ (The Good Shepherd) എന്ന ചിത്രത്തെ ഓർമപ്പെടുത്തുന്നു.

                                   

          ആടിനെ  കശാപ്പ്  ചെയ്യാനുള്ള  കത്തിയുമായി അബു വരുന്നത് എവിടെ  നിന്നാണ് എന്ന് ശ്രദ്ധിക്കൂ. അദ്ദേഹം കത്തിയുമായി വരുന്നതിന് ഇരു വശത്തുമായി ഒരു മെഡിക്കൽ  ഷോപ്പും ഒരു ബവ്റിജസ് ഔട്ട്ലെറ്റ് -ഉം സ്ഥിതി ചെയ്യുന്നുണ്ട്. (മദ്യം വാങ്ങാൻ  ആയി  ക്യൂ നിൽക്കുന്ന ആൾക്കാരെ കാണാം.) ഒരുവശത്ത്  വിൽക്കപ്പെടുന്ന  അനാരോഗ്യവും (ബവ്റിജസ് ഔട്ട്ലെറ്റ്) മറ്റൊരു വശത്ത് വിൽക്കപ്പെടുന്ന സൗഖ്യവും (മരുന്നുകൾ) രണ്ടിനും  ഇടയിൽ നിൽക്കുന്ന മരണത്തെയും (കത്തി) നമുക്ക്  ഇവിടെ കാണാം. വളരെ  ശക്തമായ പ്രതീകങ്ങൾ (symbols)  ആണ് ഇവ.

                   

        നമ്മൾ പ്രതീക്ഷിക്കുന്ന  പോലെ ധൈര്യവാന്മാർ  ആകണമെന്നില്ല  പല  പോലീസ്  ഇൻസ്‌പെക്ടർമാരും അതേപോലെ കുറ്റവാളികളും എന്ന കാര്യം ഓർമപ്പെടുത്തുകയാണ് സർബത് ഷമീറിന്റെയും അബുവിന്റെയും ഒക്കെ കഥാപാത്രങ്ങൾ. ഇക്കാര്യം തന്നെയാണ് ആശാൻ എന്ന കഥാപാത്രത്തിലും കാണാൻ  സാധിക്കുന്നത്.

                                               

        ചിത്രത്തിൽ  ഒരിടത്ത് സർബത് ഷമീറും സോമനും തമ്മിലുള്ള തല്ലുകൂടൽ, കാർട്ടൂൺ  പര്യവേഷത്തോടെ അവതരിപ്പിക്കുന്നുണ്ട്. ഇത് ഉദ്യോഗസ്ഥ വൃന്ദവും കുറ്റവാളി  സമൂഹവും തമ്മിലുള്ള ഒളിച്ചുകളികളെ ഉദ്ദേശിച്ചിട്ടുള്ളതാകണം. കാരണം  ഈ കളികൾ  നിരീക്ഷിക്കുന്നെന്ന  വണ്ണം പോലീസ് തൊപ്പി വയ്ക്കപ്പെട്ടിരിക്കുന്നത്  മറ്റെന്തിനാകാനാണ് ? വിചിത്രമായ  മുള്ളുകൾ  നിറഞ്ഞ ഒരു   മരത്തിലിരിക്കുന്ന തൊപ്പിയിലെ രാജ്യത്തിൻറെ ഔദ്യോഗിക ചിഹ്നം,  ഒരുതരത്തിൽ രാജ്യത്തെ തന്നെയാണ്  പ്രതിനിധീകരിക്കുന്നത്.     


                                                   
     
         യുവാക്കളായ രാഷ്ട്രീയ  പ്രവർത്തകർക്ക്  വഴി  മാറി കൊടുക്കാൻ വിമുഖത കാണിക്കുന്ന എല്ലാ  രാഷ്ട്രീയ  പ്രസ്ഥാനങ്ങളെയും ഉദ്ദേശിച്ചിട്ടുള്ളവയാണ്  ചിത്രത്തിലെ രാഷ്ട്രീയ രംഗങ്ങൾ. ആശാന്റെ  കഥാപാത്രം അബദ്ധത്തിൽ  ചാടുന്നതിന്  പ്രധാന കാരണം ചെറുപ്പക്കാരനായ  ഒരു രാഷ്ട്രീയ  പ്രവർത്തകന്റെ അഭിപ്രായത്തെ കണക്കിലെടുക്കാത്തതാണ്. ഇയാളെ ആശാന്റെ അംഗരക്ഷകനെന്ന് കരുതപ്പെടുന്ന ആൾ വിമർശിക്കുന്നത് പല  അവസരങ്ങളിലും കാണാവുന്നതാണ്. (ഇന്ത്യൻ  പൊളിറ്റിക്സ്-നെ  കുറിച്ചുള്ള ഹക്കീമിന്റെ
നിർവചനം ശ്രദ്ധിച്ചിരിക്കുമല്ലോ...)

                                               

         ഹക്കീമിന്റെയും  ആശാന്റേയും ശത്രുവായി അവതരിപ്പിക്കപ്പെടുന്ന രാഷ്ട്രീയ വ്യക്തിത്വം ഒരു  പുതിയ  പ്രതീക്ഷയാണ്. അഴിമതിക്കെതിരെ സന്ധിയില്ലാ  സമരം  നടത്തിയാണ്  ഈ രാഷ്ട്രീയ പാർട്ടി രംഗത്തെത്തിയത് തന്നെ. അതിനാലാണ് അയാളുടെ വലത് കൈ തന്നെ എടുക്ക് എന്ന നിർദ്ദേശം  ആശാൻ നൽകുന്നത്. വശങ്ങളുടെ രാഷ്ട്രീയം പ്രതിപാദിക്കേണ്ട കാര്യം  ഇല്ലല്ലോ...

     

      നിറങ്ങളുടെ മേളനം ചിത്രത്തിലെ പ്രധാനപ്പെട്ട ഒരു സംഗതിയാണ്. പിങ്ക്  നിറംപോലെ തന്നെ  ഉപയോഗിച്ചിരിക്കുന്ന  ഒരു നിറമാണ്  മഞ്ഞ  നിറം. ചതിയുടെ നിറമായാണ് മഞ്ഞയെ ചിത്രത്തിൽ ഉപയോഗിച്ചിരിക്കുന്നത്. ഷാജി  പാപ്പന്റെ ഭാര്യയെ അപഹരിക്കുന്ന പൊന്നപ്പനും സോമനെ ചതിക്കുന്ന ഹക്കീമും ധരിച്ചിരിക്കുന്നത് മഞ്ഞ വസ്ത്രമാണ്. ഈ രണ്ടവസരങ്ങളിലും വസ്ത്രത്തിന്റെ നിറത്തെക്കുറിച്ചുള്ള  സൂചന നൽകുന്നുണ്ട്. വസ്ത്രം മാറുന്ന ലാഘവത്തിൽ  വ്യക്തിത്വം മാറുന്ന (ചതി) അവസ്ഥയാണ്  ഇവിടെ വിവക്ഷിച്ചിരിക്കുന്നത്.

                           

         സ്ത്രീ  ശരീരത്തിന്   പുറകെ  സഞ്ചരിക്കുന്ന പുരുഷ സമൂഹത്തെ സൂചിപ്പിക്കുന്നതാണ് ഡ്യൂഡ് സഞ്ചരിക്കുന്ന പിങ്ക് നിറമുള്ള കാർ.

               ഇനി  ഈ അലച്ചിലുകൾക്കെല്ലാത്തിനും കാരണമാകുന്ന നീലക്കൊടുവേലിയുടെ കാര്യത്തിലേക്ക് വരാം. നീലക്കൊടുവേലി എന്ന പേര് നമ്മെ നീലക്കുറിഞ്ഞി എന്ന പൂവിനെ ഓർമപ്പെടുത്തുന്നു. പശ്ചിമ ഘട്ടത്തിന്റെ അഭിമാനമായ പൂവ് ആയ നീലക്കുറിഞ്ഞി  12 വർഷത്തിലൊരിക്കൽ മാത്രമേ പൂക്കുകയുള്ളു. അതിനാൽത്തന്നെ വളരെ പ്രാധാന്യമർഹിക്കുന്ന ഒരു പൂവ് ആണ് നീലക്കുറിഞ്ഞി. അതേ  സമയം തന്നെ  ഒരു പൂവ്  എന്നതിൽ കവിഞ്ഞ ഒരു പ്രാധാന്യം ഒരർത്ഥത്തിൽ പറഞ്ഞാൽ നീലക്കുറിഞ്ഞിക്ക്  ഇല്ല. ഈ വസ്തുതയെ ചില സംഗതികൾക്ക് ലഭിക്കുന്ന അനാവശ്യമായ പ്രാധാന്യത്തെയും അതിന്റെ ഭാഗമായി ഉണ്ടാകുന്ന നൂലാമാല പ്രശ്നങ്ങളിലേക്കും നമ്മുടെ ശ്രദ്ധ തിരിക്കുന്നു. ഇതാണ് നീലക്കോടുവേലിയുടെ കാര്യത്തിൽ സംഭവിക്കുന്ന ഒരു സംഗതി. നീലക്കൊടുവേലി ഒരു ഭയങ്കര സാധനമാണ് എന്ന് പറയുമ്പോൾ പോലും അതിലൊരാളും അത് സൂക്ഷിച്ചിരിക്കുന്ന പെട്ടി ഒന്ന് തുറന്ന് നോക്കാൻ പോലും മിനക്കെടുന്നില്ല. ആടിന് മാത്രമാണ് അതിനുള്ള ഒരവസരം വരുന്നത്  എന്നതും ശ്രദ്ധേയമാണ്.

                                 


              ഇനി ആടിന് ഇതിനോടുള്ള താൽപ്പര്യം എന്താണെന്ന് നോക്കാം. നീലക്കോടുവേലിയിലെ നീല ശ്രദ്ധിച്ചിരിക്കുമല്ലോ. നീല നിറം ദുഖത്തിന്റെ നിറമായാണ് പൊതുവിൽ കരുതപ്പെടുന്നത് എങ്കിലും  ഇവിടെ അത് പോണോഗ്രഫിയെയും നിർബന്ധിത ലൈംഗിക വൃത്തിയെയും സൂചിപ്പിക്കുന്നു. നീലക്കൊടുവേലി തിന്നുകൊണ്ട് യഥാർത്ഥത്തിൽ ആട് (സ്ത്രീയുടെ പ്രതിനിധി) സമൂഹത്തിലെ ആദരണീയ വ്യക്തിത്വമായി മാറാൻ സ്ത്രീക്ക് എന്നും പ്രതിബന്ധമായി നിന്നിട്ടുള്ള കാരണത്തെ വളരെ പ്രതീകാത്മപരമായി ഇല്ലാതാക്കുകയാണ് ചെയ്യുന്നത്. ചിത്രത്തിന്റെ  അവസാനത്തായി പിങ്ക് നിറമുള്ള വസ്ത്രം ധരിച്ച്‌ പിങ്ക് പശ്ചാത്തലത്തിൽ പ്രത്യക്ഷപ്പെടുന്ന പിങ്കിയുടെ രംഗപ്രവേശത്തോടെ ചിത്രം അതിന്റെ സ്ത്രീപക്ഷപരമായ കടമ നിറവേറ്റി എന്ന് നിസ്സംശയം പറയാം.      

                           

ഇപ്പോൾ എന്തു  പറയുന്നു? ആട്  ഒരു  ഭീകര  ജീവി തന്നെ അല്ലെ?

ആട് 2

               ആട് 2 -ൽ എത്തുമ്പോൾ ഉള്ള എല്ലാവരുടെയും സംശയം ആണ് എവിടെ പിങ്കി ആട് എന്നത്. പിങ്കി ആട്,  പിങ്കി ആട് ആയും പിങ്കി ആടിന്റെ  രൂപാന്തരം പ്രാപിച്ച പിങ്കി മോൾ (റേച്ചൽ, പാപ്പന്റെ ചേട്ടന്റെ  മകൾ)  ആയും ഇവിടെത്തന്നെ ഉണ്ട്. പാപ്പന് ഇനി കൂട്ട് മോളും അമ്മയും ആണ്  (സ്ത്രീ ജീവിതത്തിന്റെ യൗവനാവസ്ഥയും വാർദ്ധക്യ അവസ്ഥയും). മധ്യവയസ്സിനും യൗവനത്തിനും ഇടയിൽ ഉള്ള സ്ത്രീ സാന്നിധ്യം ഇവിടെ അപ്രത്യക്ഷമാണ്. അതിന് കാരണമായ പുരുഷ സമൂഹത്തിന്റെ ലൈംഗിക ചൂഷണത്തെക്കുറിച്ചാണ് ഒന്നാം ഭാഗത്തിൽ (ആട് 1) പറഞ്ഞിരിക്കുന്നത്.



              സ്ത്രീ സ്വാതന്ത്ര്യത്തിൽ ഏറ്റവും പ്രാധാന്യം ഉള്ള ഒന്നാണ് സ്വതന്ത്രമായ സഞ്ചാരം. പൊതു ഗതാഗത സംവധാനങ്ങളിൽ സുരക്ഷിത ആയിരുന്നില്ല എന്ന  കാരണത്താൽ ജീവൻ നഷ്ടപ്പെടേണ്ടി വന്ന പെൺകുട്ടിയുടെ ദുരനുഭവത്തിൽ നിന്നാകണം പാപ്പന്റെ പിങ്കി മോൾ (റേച്ചൽ) "ഹോണ്ട ആക്ടീവ സഹായ നിധി" എന്ന പേരിൽ സ്‌കൂട്ടി വാങ്ങാൻ പണം കണ്ടെത്തുന്നത്. ഒരുപക്ഷെ നിർധന രോഗികളെ ചികിത്സിക്കാൻ പണം കണ്ടെത്തുന്ന അതേ മാർഗത്തിൽ, അത്രത്തോളം പ്രാധാന്യം ഉണ്ട് ഇക്കാര്യത്തിനും എന്ന് വെളിവാക്കുകയും ആകാം ഇത് ഇത്തരത്തിൽ അവതരിപ്പിക്കുന്നതിലെ ലക്ഷ്യം.



              ഇന്ന് സ്ത്രീ സ്വാതന്ത്ര്യത്തിന്  ഏറ്റവും അധികം സംഭാവന നൽകുന്ന കാര്യത്തിൽ ഈ യന്ത്രത്തെ (സ്‌കൂട്ടി) കവിഞ്ഞ് മറ്റൊന്ന് ഉണ്ടാകുമോ എന്നു തന്നെ സംശയം ആണ്. ഏറെക്കാലം പുരുഷൻ നിയന്ത്രിച്ചു കൊണ്ടിരുന്ന ഒരു വാഹനത്തിന്റെ പിൻ സീറ്റിൽ നിന്നും സ്വയം നിയന്ത്രിക്കുന്ന സ്വന്തം വാഹനത്തിന്റെ മുൻ സീറ്റിലേക്ക് ഉള്ള സ്ത്രീയുടെ ഈ മാറ്റം, തന്റെ ജീവിതത്തിന്റെ തന്നെ അതുവരെ ഇല്ലാതിരുന്ന പല സാധ്യതകളിലേക്കും ഉള്ള വാതായങ്ങളാണ് അവൾക്ക് മുന്നിൽ തുറന്നിടുന്നത്. മക്കളെ സ്കൂളിൽ അയക്കാനും ഓഫീസിൽ പോകാനും ഗ്രോസറി വാങ്ങാനും ആഘോഷങ്ങൾക്ക് പോകാനും ചടങ്ങുകളിൽ പങ്കെടുക്കാനും ഭർത്താവിനെയോ ടാക്സി ഡ്രൈവർമാരേയോ ആശ്രയിച്ചിരുന്ന സ്തീകൾ ഇന്ന് അവയെല്ലാം സ്വയം ചെയ്യാനും അതുവഴി പൊതുസമൂഹത്തിലെ  അറിവുകൾ ആർജിക്കാനും അനുദിനം പ്രാപ്‌തരായിക്കൊണ്ടിരിക്കുന്നു.

              പിങ്കി മോൾ ചെയ്യുന്ന മറ്റൊരു കാര്യമാണ് കരാത്തെ പരിശീലനം. ശാരീരികമായി ഉപദ്രവിക്കാൻ ശ്രമിച്ചേക്കാവുന്ന ലൈംഗിക തൃഷ്ണയുമായി വരുന്നവരെ നേരിടാൻ സ്വയം പ്രതിരോധ മാർഗങ്ങളിൽ (self defensive mechanisms) ഏതെങ്കിലും ഒന്ന് ഇന്നത്തെ വളർന്നുവരുന്ന പെൺ തലമുറ അറിഞ്ഞിരിക്കേണ്ടത് ഉണ്ട് എന്ന ആവശ്യകത ആകാം ചിത്രത്തിൽ ഈ രംഗം ഉൾപ്പെടുത്താനുള്ള  കാരണം. (പിങ്കിമോളുടെ  പിങ്ക് നിറമുള്ള  സൈക്കിൾ ശ്രദ്ധിച്ചിരിക്കുമല്ലോ..)


              തന്റെ  ശരീരം തന്നെ ഒരു  ആയുധമായി  കൊണ്ടുനടക്കുന്ന  ഒരു പുതിയ  തരം  സ്ത്രീ തലമുറ ഉരുവപ്പെട്ടു  വരുന്നതിലേക്ക്  ശ്രദ്ധ  ക്ഷണിക്കുന്നതിനായി അവതരിപ്പിക്കപ്പെടുന്ന  കഥാപാത്രമാണ്  സ്റ്റെല്ലയുടേത്. ഈ കഥാപാത്രം വളരെ വിരളമായാണ്  സംസാരിക്കുന്നത്. ഈ  സൂചന  തന്നെ മറ്റുള്ളവരെ തങ്ങളുടെ ശാരീരിക  പ്രത്യേകതകളിലേക്ക്  ശ്രദ്ധ  ക്ഷണിക്കുന്നതിനായി  ആണ്. #MeToo കാമ്പയിനുകൾ  തെറ്റായി  ഉപയോഗിച്ച്  വ്യക്തി വൈരം തീർത്തവരേയും   പ്രശസ്തി  പിടിച്ചു പറ്റാൻ ശ്രമിച്ചവരെയും പിൽക്കാലത്ത്  നാം കണ്ടതാണല്ലോ.


                ശാരീരികമായ ബലഹീനത ഉള്ള  വിഭാഗങ്ങളെ  ചൂഷണം ചെയ്തുവന്നതിന്റെ  വിപുലമായ ഒരു ചരിത്രം തന്നെ  മനുഷ്യരാശിക്ക്  പറയാനുണ്ട്. അതിൽ ഉൾപ്പെടുന്നവരാണ് പാർശ്വവൽക്കരിക്കപ്പെട്ട  ജനവിഭാഗങ്ങൾ, മത ന്യൂനപക്ഷങ്ങൾ, സാമ്പത്തികമായി  പിന്നാക്കം നിൽക്കുന്നവർ, ജാതി  ശ്രേണിയിലെ  താഴ്തട്ടിൽ  പെടുന്നവർ, അഭയാർഥികൾ  തുടങ്ങിയവർ. ഈ കൂട്ടത്തിൽ  എന്നോ ഉൾപ്പെട്ടുവന്നവരാണ് സ്ത്രീകളും കുട്ടികളും. സ്ത്രീകളോടൊപ്പം  തന്നെ ഇന്ന് വ്യാപകമായി ചൂഷണം ചെയ്യപ്പെടുന്ന  ഒരു  വിഭാഗമായി മാറിയിരിക്കുകയാണ്  കുട്ടികളും. ഇങ്ങനെ ചൂഷണം ചെയ്യപ്പെടുന്ന  കുട്ടികളെ പ്രതിനിധീകരിക്കുന്ന ഒരു വ്യക്തിയെ നമുക്ക്  ചിത്രത്തിൽ കാണാൻ  സാധിക്കും. സ്പിന്നർ കൈയ്യിൽ കൊണ്ടുനടക്കുന്ന ഈ വ്യക്തി ധരിച്ചിരിക്കുന്ന വസ്ത്രത്തിനും കണ്ണടയ്ക്കും ഉള്ള  പ്രത്യേകത, അയാളുടെ കഥാപാത്രത്തിന്റ പ്രാധാന്യത്തെ വെളിപ്പെടുത്തുന്നു.


               ഒന്നാം ഭാഗത്ത് കൊണ്ടാടിയിരുന്ന നിറങ്ങളുടെ മേളനം  അതേ രീതിയിൽ തന്നെ രണ്ടാം ഭാഗത്തും തുടരുന്നുണ്ട്. ഇക്കാര്യത്തിൽ പാപ്പൻ ധരിച്ചി രിക്കുന്ന  മുണ്ടിനുമുണ്ട് ചില കാര്യങ്ങൾ  പറയാൻ. കാവി, പച്ച, കറുപ്പ്, ചുവപ്പ് എന്നിങ്ങനെ മടക്കി  ഉടുക്കുമ്പോഴും അഴിച്ചിടുമ്പോഴും വ്യത്യസ്ഥ നിറങ്ങളിൽ പ്രത്യക്ഷപ്പെടുന്ന പാപ്പന്റെ  മുണ്ട് സാമൂഹ്യ-പൊതുജന  സേവനത്തിന്റെ  മറവിൽ പ്രത്യേക രാഷ്ട്രീയ ലക്ഷ്യങ്ങൾ കൊണ്ടുനടക്കുന്നവരെയാണ് സൂചിപ്പിക്കുന്നത്.


            മത അസഹിഷ്ണുതയും, വർഗീയതയും യുക്തിയുടേയും പുരോഗതിയുടെയും പേരിൽ സമൂഹം പാകപ്പെടുന്നതിന് മുൻപേ നടപ്പാക്കാൻ തുടങ്ങുന്ന പുരോഗമനപരമായ  തീരുമാനങ്ങളും ഇന്ന്  നമ്മുടെ നാട് നേരിടുന്ന പ്രധാന വെല്ലുവിളികളിൽ ചിലതാണ്. ഈ പശ്ചാത്തലത്തിലാണ് കൊന്തയിട്ടവരും  തൊപ്പി ധരിച്ചവരുമായി ബാലെ കഥാപാത്രങ്ങൾ എത്തി, തമാശ കലർത്തിയാണെങ്കിലും ചിത്രത്തിൽ മതമൈത്രിയുടെ സന്ദേശം നൽകുന്നത്.


വ്യത്യസ്തവും പ്രസക്തവുമായ ഇത്തരത്തിൽ പല കാര്യങ്ങളും  അവതരിപ്പിക്കുന്ന  ചിത്രം, നോട്ട് നിരോധനവും അതേത്തുടർന്ന് മനുഷ്യ അദ്ധ്വാനത്തിനും മൂല്യത്തിനും ഏറ്റ തിരിച്ചടികളും കൂടെ തമാശയുടെ പിൻബലത്തിൽ ചർച്ചചെയ്‌തുകൊണ്ട് പ്രേക്ഷകനോട് വിട വാങ്ങുന്നു.

വിശകലനത്തിൽ പ്രതിപാദിച്ചിരിക്കുന്നവയ്ക്ക്  യഥാർത്ഥ വ്യക്തികളുമായോ സംഭവങ്ങളുമായോ യാതൊരു ബന്ധവും ഇല്ല.
        
English Version
               Aadu oru Bheekara Jeevi Aanu is a movie that has achieved huge cult status since its release. Although the movie was not appreciated the way it deserved at the time of its release, now many appreciate the movie and the genius who worked behind it. As a movie Aadu has more to offer to us than to amuse us with its comic characters and a seemingly silly plot. Here are some interesting things about the movie:


Goat symbolizes an innocent and helpless creature like woman who is molested by men.

              Note here that the goat is given to Shaji Pappan (Jayasurya) and his team as a present or a commodity to be sold - like some women who are marketed for their voluptuous qualities. In the movie they decide to slaughter the goat. It is actually like slaughtering women, draining their vitality and treating them just as flesh.




A serious health problem that prevents Shaji Pappan from actively taking part in the tug of war (vadamvali) is his back pain. This back pain takes us back to the Old Garden. The Garden of Eden where God gave Man a Company by creating woman out of man’s body. But this creation (woman) has now become a pain, a problem not just in the body of man but also in his mind as well.


Delhi rape case in the bus is paralleled with Goat in the van. Behind his van Shaji Pappan has written: “No entry for women”; to the knowledge of women who are not even safe in public transport systems. (It is not just because his wife has just deserted him.) In one or two occasions when the goat bleats in the van someone says that he heard a woman crying. Note what the gang calls the goat. They call her Pinky. Pink is a name and color that reminds us of woman and feminine qualities. Another scene that supports this understanding is the scene where animal rights activist (Sandra Thomas) enter after the police arrest Shaji Pappan and his company. She says “I would have tolerated it if it had happened to a woman but not to an animal.”; woman does not even have the value of an animal. 







However there are women like Mary (Srinda), Shaji Pappan’s wife who desert their husbands at times of difficulty in search for a luxurious and happy life with anyone who smiles at them.




Prohibition on liquor will only help bootleggers and local suppliers. (Liquor policy of Government)-(Battery Soman character (Bijukuttan)).


Fans of Sports stars are really crazy–Character of Cletus (Dharmajan)




The way Shaji Pappan carries the goat reminds us of a famous picture of Christ: the Good Shepherd.






Abu procures a knife - Note the long queue of drunkards near a 
medical shop, intended to contrast sold health with sold diseases.

Many Goondas and Police inspectors as we think of them are not very courageous but are often so coward. (Characters of Abu (Saiju Kurup) and Sarbath Shameer (Vijay Babu))        
       
               

The scuffle between Soman and Shameer, between bureaucracy and criminal world is so hilarious and all of this is observed by the 'police cap'. It stands for law and order.  In a wider sense it stands for the whole country herself (since the cap holds her official emblem). It comes in between the two and is also hung on a tree with strange thorns on it. What are we to make out from this?




“Comrade BT should remember one thing that this is not a ford where campus politics’ guppies like you swim-but a great ocean where big fish swim - Indian Politics” says the character of Hakkeem (Chemban Vinod)- A sharp attack on the wretched political system in the country.


The political rival of Hakkeem and his Asan (Indrans) whom they decide to attack (“Take his right hand” says Asan) is definitely not a member of left-wing politics but a member of a new party that rose to fame through extensive campaigning against corruption. 

Yellow color shirt suggests cheating; Ponnappan (Aju Varghese)who abducts Shaji Pappan’s wife and Hakkeem who cheats Ganja Soman (Sudhi Koppa) wear yellow color shirt. In both incidents the change of shirt color/shirt is mentioned by opposite characters.  Changing shirts can mean assuming the personality of another or wearing a new personality according to the changing situations.





The pink color car in which Dude (Vinayakan) comes suggests men who are after women’s body.




Neelakkoduveli, the name reminds us of Neelakkurinji, a flower that is blossomed only once in 12 years, really a coveted plant grown only in the high altitudes of the Western Ghats. So our Neelakkoduveli must be something, but at the same time nothingIt can be something that never even existed or some silly thing that is sought after as an elixir by both learned and ignorant men. 

However it (Neelakkoduveli)  also becomes a means to get profited from women. But how? The supposed box in which Neelakkoduveli is said to have been kept is never even opened by anyone other than the goat who could only know what exactly it was. Also note the color of Neelakkoduveli that the goat (representing woman) eats, as its Malayalam name suggests it is blue which in turn suggests pornography, sex work etc. Eating it up she symbolically destroys the cause that had been tarnishing her stature as a respectable member of the society.




                            The final Pinky in a pink dress with a pink background.

Hard to believe that this is yet another feminist movie? But I think it is more than that. It is really a masterpiece wrapped in the guise of comedy. Now what do you say? Isn't she dangerous? -Anjoe Paul-

Comments